FLASH NEWS

രഞ്ജിത്ത് ശ്രീനിവാസൻ വധക്കേസ്: 15 പ്രതികൾക്കും വധശിക്ഷ

WEB TEAM
January 31,2024 09:22 AM IST

ആലപ്പുഴ :ബിജെപി നേതാവും അഭിഭാഷകനുമായിരുന്ന രഞ്ജിത്ത് ശ്രീനിവാസൻ വധക്കേസിൽ 15 പ്രതികൾക്കും വധശിക്ഷ. അഡീഷണൽ ജില്ലാ സെഷൻസ് കോടതി ജഡ്ജി (ഒന്ന്) വി.ജി.ശ്രീദേവിയാണ് ശിക്ഷ വിധിച്ചത്. പ്രതികൾ ദയ അർഹിക്കുന്നില്ലെന്ന് വിധി പ്രസ്താവിച്ചു കൊണ്ട് കോടതി വ്യക്തമാക്കി.അസുഖബാധിതനായി ആശുപത്രിയിലായ പത്താംപ്രതി ഒഴികെ പ്രതികളിൽ 14 പേരും വിധി കേൾക്കാനായി കോടതിയിൽ എത്തിയിരുന്നു.ശിക്ഷ വിധിയ്ക്കുന്ന സാഹചര്യത്തിൽ കോടതി പരിസരത്തു ശക്തമായ സുരക്ഷയാണ് പൊലീസ് ഒരുക്കിയിരുന്നത്. ചെങ്ങന്നൂർ, കായംകുളം ഡിവൈഎസ്പിമാരുടെ നേതൃത്വത്തിലാണു കോടതിയിൽ സുരക്ഷ ഒരുക്കിയത്. കേരളത്തിൽ ഒരു കേസിൽ ഇത്രയധികം പ്രതികൾക്ക് ഒന്നിച്ച് വധശിക്ഷ വിധിക്കുന്നത് ഇതാദ്യമായാണ്. കേസിലെ 15 പ്രതികളും എസ്ഡിപിഐ, പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണ്. പ്രതികളിൽനിന്ന് ഈടാക്കുന്ന പിഴത്തുകയിൽ ആറു ലക്ഷം രൂപ രഞ്ജിത്ത് ശ്രീനിവാസിന്റെ കുടുംബത്തിനു നൽകാനും കോടതി ഉത്തരവിട്ടു. വിധിയിൽ സംതൃപ്തരാണെന്ന് രഞ്ജിത്ത് ശ്രീനിവാസിന്റെ കുടുംബാംഗങ്ങൾ പ്രതികരിച്ചു.പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായ ആലപ്പുഴ കോമളപുരം അമ്പനാകുളങ്ങര മാച്ചനാട് കോളനിയിൽ നൈസാം, മണ്ണഞ്ചേരി അമ്പലക്കടവ് വടക്കേച്ചിറപ്പുറം അജ്മൽ, ആലപ്പുഴ വെസ്റ്റ് മുണ്ടുവാടയ്ക്കൽ അനൂപ്, ആര്യാട് തെക്ക് അവലക്കുന്ന് ഇരക്കാട്ട് മുഹമ്മദ് അസ്‌ലാം, മണ്ണഞ്ചേരി ഞാറവേലിൽ അബ്ദുൽ കലാം എന്ന സലാം, അടിവാരം ദാറുസബീൻ വീട്ടിൽ, അബ്ദുൽ കലാം, ആലപ്പുഴ വെസ്റ്റ് തൈവേലിക്കകം സറഫുദീൻ, മണ്ണഞ്ചേരി ഉടുമ്പിത്തറ മൻഷാദ്, ആലപ്പുഴ വെസ്റ്റ് കടവത്ത്ശേരി ചിറയിൽ വീട്ടിൽ ജസീബ് രാജ, മുല്ലക്കൽ വട്ടക്കാട്ടുശേരി നവാസ്, കോമളപുരം തയ്യിൽ വീട്ടിൽ സമീർ, മണ്ണഞ്ചേരി നോർത്ത് ആര്യാട് കണ്ണറുകാട് നസീർ, മണ്ണഞ്ചേരി ചാവടിയിൽ സക്കീർ ഹുസൈൻ, തെക്കേ വെളിയിൽ ഷാജി എന്ന പൂവത്തിൽ ഷാജി, മുല്ലക്കൽ നൂറുദ്ദീൻ പുരയിടത്തിൽ ഷെർനാസ് അഷറഫ് എന്നിവരാണു കേസിലെ പ്രതികൾ .

2021 ഡിസംബർ 19 ന് രഞജിത്ത് ശ്രീനിവാസനെ ആലപ്പുഴ വെള്ളക്കിണറിലുള്ള വീട്ടിൽ കയറി കുടുംബാംഗങ്ങളുടെ മുന്നിലിട്ടു വെട്ടിക്കൊലപ്പെടുത്തി എന്നാണു പ്രോസിക്യൂഷൻ കേസ്. ആലപ്പുഴ ജില്ലയിൽ തുടർച്ചയായി നടന്ന 3രാഷ്ട്രീയ കൊലപാതകങ്ങളിൽ ഒടുവിലത്തേതായിരുന്നു ഇത്. വയലാറിൽ ആർഎസ്എസ് പ്രവർത്തകൻ ആർ.നന്ദുകൃഷ്ണയാണ് ആദ്യം കൊല്ലപ്പെട്ടത്.സ്പെഷൽ പ്രോസിക്യൂട്ടർ പ്രതാപ് ജി.പടിക്കൽ ആണു പ്രോസിക്യൂഷനു വേണ്ടി ഹാജരായത്.

Comments 0

Kindly a‌void objectionable,derogatory, unlawful and lewd comments,while responding to reports.Such comments are punishable under cyber laws.Please keep away from personal attacks.The opinions expressed here are the personal opinions of readers and not that of Mukham News.